Thursday 16 September 2010

പുനര്‍ജ്ജനി














സ്നേഹത്തിന്‍ ഉറവിടമെവിടേ
മൈത്രേയ ഭാവങ്ങളെവിടേ
ജീവിതമാമാഴി നീന്തിടും മനുജന്
കൂട്ടാവാന്‍ സൗഹൃദമെവിടേ

പിരിയാത്ത ബന്ധങ്ങള്‍ മുറിച്ചീടുന്നെങ്ങും
അടയാത്ത വാതിലോ കൊട്ടിയടച്ചീടുന്നെങ്ങും
ചങ്ങാത്തം പൊള്ള സിദ്ധാന്തം മാത്രമോ
അനുരാഗം വെറും ഉപഹാസ്യ പാത്രമോ

മോഹനമായയില്‍ ഹനിക്കുവാന്‍ മനുഷ്യന്
ഹവ്യമോ പ്രേമസൗഹാര്‍ദ്ദങ്ങള്‍
ആ ഹോമാഗ്നിയിലര്‍പ്പിക്കാം ഞാനെന്‍ പ്രേമാശ്രു
ഉയരട്ടേ സ്നേഹത്തിന്‍ തരളജ്വാലകള്‍

ക്ഷീരസാഗരം കടഞ്ഞ ദൈവങ്ങളേ
കാട്ടിടൂ സ്നേഹസാഗരത്തെ
അതു കടഞ്ഞെടുത്തീടാം സ്നേഹത്തിന്‍ പവിഴങ്ങള്‍
ചൊരിഞ്ഞീടാം ഞാനവ ഭൂമുഖത്തില്‍

മായാവിമുക്തരാം ദേവകളേ നിങ്ങള്‍
തുറക്കൂ സ്വര്‍ഗ്ഗ കവാടങ്ങളെ
പ്രവഹിക്കട്ടെയനുരാഗ ഗംഗയൊന്നിനിവീണ്ടും
പുനര്‍ജ്ജനിക്കട്ടെയനുഷക്തി ഭുവനത്തില്‍

ഉയരട്ടെയീയരിയ വികാരങ്ങളീ ഭൂവില്‍
ആളിപ്പടരട്ടെ കോടിയഗ്നി നാളങ്ങളായ്
വിടരട്ടെയായിനിയ തദ്ഭാവങ്ങളീ പാരില്‍
തളിര്‍ക്കട്ടെ സഹസ്രകോടി മുകുളങ്ങളായ്

Wednesday 1 September 2010

പൂമാന ചോല









പുലരിവിളക്കു തെളിഞ്ഞ നേരം
ചേലൊത്ത മഞ്ഞപ്പുടവ ചുറ്റി
പുഞ്ചിരിയാലെ പ്രഭ ചൊരിഞ്ഞ്
ചോലയില്‍ നീരാടി സൂര്യന്‍ മന്ദം

പൊന്‍തൂവല്‍ ചീകിയൊതുക്കി നീന്തും
ബന്ധുരം പോലെത്തി വെണ്‍മുകിലും
പൊന്മാനം നീലപ്പൊയ്കയായ് സൂരനു
ബന്ധന മോചനം ഏകി രാത്രം

അനുരൂപനാമരുണന്‍റെ തനുരൂപം കണ്ടതി-
ലജ്ജിതയായ് മതി പോയ്മറഞ്ഞു
അഗനോ തന്നായിരം ബാഹങ്ങളാലെ
ലക്ഷമാം ഓളങ്ങള്‍ തഴുകി നീന്തി

പൂരണി തന്‍ മാറില്‍ മന്ദസ്മിതം തൂകും
കമലം കണ്ടു പതി താപനനെ
പൂമാനച്ചോലയില്‍ നീന്തും മഹിരനെ
കണ്ടവള്‍ നാണിച്ചാ മുഖം മറച്ചു

ദുന്ദുഭി തന്താപമേറ്റിട്ടോ മുകിലുകള്‍
കാര്‍വര്‍ണ്ണമായങ്ങിരുണ്ടു പോയി
ദണ്ണമോ താങ്ങാനരുതാതെയവ മെല്ലെ
കണ്ണീര്‍ പൊഴിച്ചു ചെറുമാരിയായ്

മേഘത്തിന്‍ യാതനയറിഞ്ഞുടനരുണനോ
പൂമാനച്ചോലയില്‍ മുങ്ങിനിന്നു
മേനിയും ശീര്‍ഷവുമാഴ്ത്തിയാ പൊയ്കയില്‍
പൂര്‍ണ്ണമായ് തന്താപം അടക്കിവച്ചു

താപമടങ്ങിയ നേരത്തനിലനും
മെല്ലെ തഴുകി വാര്‍മുകിലുകളെ
തനു കുളിര്‍ ചൂടിയ നേരത്ത് നീരദം
മിഴിമഞ്ചി പുഞ്ചിരി തൂവിയല്‍പ്പം

മാരിയൊഴിഞ്ഞ മാത്രയില്‍ സൂര്യനോ
നീരാഴിയില്‍ പയ്യെ നീന്തി വീണ്ടും
മാരിവില്‍ ചുമലിലായ് ചേര്‍ത്തു വച്ചങ്ങനെ
നീരജം കാണ്മാനായ് നൃത്തമാടി

Sunday 6 June 2010

ആദ്യാനുരാഗം









ഹൃദയമൊരത്ഭുത ജാലകം 
അതു തുറന്നാല്‍ എന്നാത്മകാവ്യം

മിഴിനീരില്‍ മുക്കിയ മഷിത്തണ്ടാല്‍ അടുക്കീ
ആയിരം താളിലായ് അക്ഷരങ്ങള്‍
പ്രണയമാം തൂലികയാലെഴുതീ പലകുറി
എന്നാത്മ നൊമ്പരങ്ങള്‍ ഗദ്ഗദങ്ങള്‍

ആദ്യാനുരാഗം ബീജാക്ഷരങ്ങളായ്
ആത്മാവിന്‍ പുസ്തത്തിന്‍ ഏടുകളില്‍
മാനസഭാവങ്ങള്‍ ലിപികകളാകവേ
എന്തേയെന്‍ മഷിക്കുപ്പി വീണുടഞ്ഞു
എന്തിനായാതാളില്‍ പടര്‍ന്നലിഞ്ഞു

ഹൃദയസ്പന്ദനങ്ങളെ പ്രേമത്തിന്നിഴകളാല്‍
കോര്‍ത്തൂ പൂവണി ഒരു നാളില്‍
അതു നിന്‍ മാറില്‍ അണിയിക്കാനണയവേ
എന്തേയെന്‍ വിരല്‍ത്തുമ്പു പതറി
എന്തിനായാമാല്യം ചിതറി

നിന്നന്തരാത്മാവിന്‍ ചേണാര്‍ന്ന ഭാവങ്ങള്‍
പകര്‍ത്തീ സ്നേഹഗാനങ്ങളില്‍
അതു നിനക്കായൊന്നു ശ്രുതിചേര്‍ത്തുപാടവേ
എന്തേയെന്‍ധ്വനം തരളിതമായ്
എന്തിനായാനാദം അപശ്രുതിയായ്