Wednesday 1 September 2010

പൂമാന ചോല









പുലരിവിളക്കു തെളിഞ്ഞ നേരം
ചേലൊത്ത മഞ്ഞപ്പുടവ ചുറ്റി
പുഞ്ചിരിയാലെ പ്രഭ ചൊരിഞ്ഞ്
ചോലയില്‍ നീരാടി സൂര്യന്‍ മന്ദം

പൊന്‍തൂവല്‍ ചീകിയൊതുക്കി നീന്തും
ബന്ധുരം പോലെത്തി വെണ്‍മുകിലും
പൊന്മാനം നീലപ്പൊയ്കയായ് സൂരനു
ബന്ധന മോചനം ഏകി രാത്രം

അനുരൂപനാമരുണന്‍റെ തനുരൂപം കണ്ടതി-
ലജ്ജിതയായ് മതി പോയ്മറഞ്ഞു
അഗനോ തന്നായിരം ബാഹങ്ങളാലെ
ലക്ഷമാം ഓളങ്ങള്‍ തഴുകി നീന്തി

പൂരണി തന്‍ മാറില്‍ മന്ദസ്മിതം തൂകും
കമലം കണ്ടു പതി താപനനെ
പൂമാനച്ചോലയില്‍ നീന്തും മഹിരനെ
കണ്ടവള്‍ നാണിച്ചാ മുഖം മറച്ചു

ദുന്ദുഭി തന്താപമേറ്റിട്ടോ മുകിലുകള്‍
കാര്‍വര്‍ണ്ണമായങ്ങിരുണ്ടു പോയി
ദണ്ണമോ താങ്ങാനരുതാതെയവ മെല്ലെ
കണ്ണീര്‍ പൊഴിച്ചു ചെറുമാരിയായ്

മേഘത്തിന്‍ യാതനയറിഞ്ഞുടനരുണനോ
പൂമാനച്ചോലയില്‍ മുങ്ങിനിന്നു
മേനിയും ശീര്‍ഷവുമാഴ്ത്തിയാ പൊയ്കയില്‍
പൂര്‍ണ്ണമായ് തന്താപം അടക്കിവച്ചു

താപമടങ്ങിയ നേരത്തനിലനും
മെല്ലെ തഴുകി വാര്‍മുകിലുകളെ
തനു കുളിര്‍ ചൂടിയ നേരത്ത് നീരദം
മിഴിമഞ്ചി പുഞ്ചിരി തൂവിയല്‍പ്പം

മാരിയൊഴിഞ്ഞ മാത്രയില്‍ സൂര്യനോ
നീരാഴിയില്‍ പയ്യെ നീന്തി വീണ്ടും
മാരിവില്‍ ചുമലിലായ് ചേര്‍ത്തു വച്ചങ്ങനെ
നീരജം കാണ്മാനായ് നൃത്തമാടി

No comments:

Post a Comment