Friday 1 July 2011

ഇത്തിരി നേരം


ആര്‍ക്കുമില്ലിത്തിരി നേരം ചിരിക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരമിരിക്കാന്‍
ആകെയുള്ളിത്തിരി നേരം ജയിക്കാന്‍
ഓടുന്നു നീളേ പലദിശ നിത്യം

ആര്‍ക്കുമില്ലിത്തിരി നേരം നമിക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം ജപിക്കാന്‍
ആകെയുള്ളിത്തിരി നേരം കിതപ്പായ്
പാടുന്നു സ്തോത്രമടിമപോല്‍ നിത്യം

ആര്‍ക്കുമില്ലിത്തിരി നേരം കളിക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം കുളിക്കാന്‍
ആകെയുള്ളിത്തിരി നേരം പറയാന്‍
ഇഷ്ടമോ ദൂഷ്യം മാത്രവും നിത്യം

ആര്‍ക്കുമില്ലിത്തിരി നേരം കിളയ്ക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം വിതയ്ക്കാന്‍
ആകെയുള്ളിത്തിരി നേരം കുതിപ്പായ്
തേടുന്നു വിത്തം സഹജരു നിത്യം

ആര്‍ക്കുമില്ലിത്തിരി നേരം തിരക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം ക്ഷമിക്കാന്‍
ആകെയുള്ളിത്തിരി നേരം ചരക്കായ്
വില്‍ക്കുന്നു നേരില്‍ കാല്‍ക്കാശിനു നിത്യം

ആര്‍ക്കുമില്ലിത്തിരി നേരം കിടക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം നടക്കാന്‍
ആകെയുള്ളിത്തിരി നേരം കളയാന്‍
ചെയ്യുന്നു മാനം കവരുന്ന കൃത്യം

ആര്‍ക്കുമില്ലിത്തിരി നേരം തവിക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം സഹിക്കാന്‍
ആകെയുള്ളിത്തിരി നേരം വലയ്ക്കാന്‍
കൂട്ടര് പോലും ശ്രമിക്കുന്നു നിത്യം

ആര്‍ക്കുമില്ലിത്തിരി നേരം സേവിക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം ‍ജീവിക്കാന്‍
ആകെയുള്ളിത്തിരി നേരം വീതിക്കാന്‍
ആവതു സൂത്രം ഒരുക്കുന്നു നിത്യം

നേരമില്ലാത്തോര്‍ക്കുള്ളതോ നഗരം
നേരില്ലാത്തവര്‍ക്കുള്ളതോ നഗരം
നേരമില്ലാത്തോണ്ടായതോ നരകം
നേരില്ലാത്തതോണ്ടായതോ നരകം

Tuesday 22 March 2011

കണ്ടതും കേട്ടതും

ഈരണ്ടുകണ്ണുകളുണ്ടാകിലുമെന്ത്
സത്യധര്‍മ്മാദികള്‍ക്കന്ധനല്ലോമര്‍ത്ത്യന്‍ ,
എത്രകണ്ടാലും ഹതമെത്രകൊണ്ടാലും
ഇല്ലപഠിക്കില്ലാ ഞങ്ങളെന്നുശാഠ്യം

ഇണ്ടലുണ്ടാകുമ്പോളിന്ദ്രിയദു:ഖങ്ങള്‍
ഒന്നുമല്ലെന്നു സ്വയംപറഞ്ഞാറ്റുന്നു,
സ്ഥാപിതനേട്ടങ്ങളത്യുന്നതങ്ങളെ-
ന്നാരോപഠിപ്പിച്ചപോലേറ്റുപാടുന്നു

കണ്ടീല്ലഞാനൊന്നുംകേട്ടീല്ലഞാനൊന്നും
ഇതിവിധമിയമ്പുമീദുര്‍ഭാഷികള്‍ ,
തൊണ്ടയില്‍നീരുന്തിയുമ്പമേമ്പാത്തോനും
ഇല്ലില്ലനല്‍കില്ലയുമിനീരുപോലും

കണ്ടാലതികമ്പമോലുമഭിരൂപര്‍ ,
വേണ്ടാത്തവേലകള്‍ക്കതിഖ്യാതിനേടും
ചില്ലറസത്തകള്‍ക്കായെന്നുംവെല്ലുന്നു
പോറകളിവര്‍ അതിഭൗതികതോഴര്‍

Wednesday 9 March 2011

മാധവം











പൂന്തളിരും മലര്‍ ചെണ്ടുകളും
പൂവല്ലികളും തളിര്‍ത്തു
പൂവിളിയായ്‌ ഋതുകാലമായി
പൂവനികകള്‍ തുയിലുണര്‍ന്നൂ
പൂഞ്ചോലകളും പൂങ്കാവുകളും
പൂവഴകുമായൊരുങ്ങി നില്‍പ്പൂ

പുലരിമഞ്ഞിന്‍ മൃദുകണികകളോ
വാരിലത്തുഞ്ചത്തലിഞ്ഞു നില്‍പ്പൂ
പൊന്‍പുലരായനങ്ങള്‍ ഒളിവിതറി
തൂഹിമബിന്ദു പൊതിഞ്ഞുമിന്നി
പൂങ്കാറ്റിളക്കും നറുഹിമകണങ്ങള്‍
താഴെ പുല്‍കളെ കുളിരൂട്ടുന്നൂ

കളമൊഴിപാടുമീയരുവികളില്‍
വെണ്മുകിലുകളൊഴുകേമന്ദം
പുഴവായ്‌കളിലിളംവെണ്‍ക്കല്ലിളക്കും
കുളഞ്ചാടികള്‍ തുടിച്ചുണരേ
കൂവങ്ങളാകേ പറന്നു പൊന്‍മ മെല്ലെ
തിമികളെ തുയിലുണര്‍ത്തും

വെമ്പാടങ്ങളിലരിമണിപെറുക്കി-
പ്പാടിപ്പാറുന്നു കിളിമകളും
വയലിറമ്പില്‍ വെള്ളത്തടയിടുവാന്‍
കളിയുരുട്ടുന്നു ഭൂലതയും
ചെറുകോകിലത്തിന്‍ കൂകൂ ആരവത്തില്‍
മണ്ണിലുത്സവവേളയണഞ്ഞൂ

പൂന്തളിരും മലര്‍ ചെണ്ടുകളും
പൂവല്ലികളും തളിര്‍ത്തു
മാധവമായ്‌ ഋതുകാലമായി
പൂവനികകള്‍ തുയിലുണര്‍ന്നു
പൂഞ്ചോലകളും പൂങ്കാവുകളും
ഏഴഴകുമായൊരുങ്ങി നില്‍പ്പൂ

മധുരഗന്ധമാകേപ്പടരുന്നെങ്ങും
മാമ്പൂപൊടിയോ നിറയുന്നെങ്ങും
രസാലങ്ങളും മൂലഫലദങ്ങളും
തേന്‍കനികളാല്‍ നിറകൊള്ളുന്നൂ
മധുകാദളവും പുതുകപ്പളവും
നവകായ്കളാല്‍ മറഞ്ഞിരിപ്പൂ

കുരുത്തോലകളും തെങ്ങിന്‍പ്പൂങ്കുലയും
ഇളവെയിലതില്‍ കണ്ണുചിമ്മി
പച്ചപ്പുല്‍ക്കൊടിയും തിരുതാളികളും
നനുതെന്നലിന്നലകള്‍ നീന്തി
മരശാഖകളില്‍ പുതുനാമ്പുണര്‍ന്നു
ഋതുരാജനെ വണങ്ങീടുന്നൂ

പൂവാടികയില്‍ വൃക്ഷകവരങ്ങളില്‍
ചാടിക്കളിക്കുന്നണ്ണാര്‍ക്കണ്ണനും
കൊഞ്ചിപ്പാടിവരും വാനമ്പാടികളോ
കളമൊഴികളാല്‍ നാടുണര്‍ത്തും
അലരാന്‍ വെമ്പും പത്മകലികകളാല്‍
കുമുദിനിയും അണിഞ്ഞൊരുങ്ങും

പൂന്തളിരും മലര്‍ ചെണ്ടുകളും
പൂവല്ലികളും തളിര്‍ത്തു
പൂവിളിയായ്‌ ഋതുകാലമായി
പൂവനികകള്‍ തുയിലുണര്‍ന്നു
പൂഞ്ചോലകളും പൂങ്കാവുകളും
പൂവഴകുമായൊരുങ്ങി നില്‍പ്പൂ

അതിസൗരഭമുയര്‍ത്തിക്കണ്‍ത്തുറപ്പൂ
കുടമുല്ലകള്‍ പനിനീര്‍പ്പൂക്കള്‍
കൂടേപുഷ്പിച്ചിതാ ചെത്തിമന്ദാരങ്ങള്‍
സൂര്യകാന്തികള്‍ ജമന്തികളും
നാനാവര്‍ണ്ണങ്ങളില്‍ പുഷ്പറാണികളായ്
മനം കവര്‍ന്നവ രാജിക്കുന്നൂ

പൊന്‍വളയണിഞ്ഞൊരു മധുകരമോ
ചെമ്മേമൂളിപ്പോയലര്‍ മുകര്‍ന്നൂ
പൂവാകയുമരശശോകാല്മരവും
ചൂളമൂതിപ്പോയ് വലം പാറുന്നൂ
പുല്‍ച്ചാടികളും ചെമ്പന്‍ച്ചെല്ലികളും
പദമാടുന്നീപ്പൈപ്പുല്‍ത്തകിടില്‍

നല്ലരിമ്പുകളേറും ശലഭങ്ങളു-
മതില്‍ രസിക്കുമാ നൂല്‍പുഴുവും
ലതകായ്കനികളിന്നതിമധുരം-
തേടും നീര്‍മാണിക്യന്‍ തുമ്പികളും
ചുള്ളിപ്രാണികളും പൈത്തൊഴാനകളും
കൈതൊഴുവതു ഋതുപതിയെ

പൂന്തളിരും മലര്‍ ചെണ്ടുകളും
പൂവല്ലികളും തളിര്‍ത്തു
പൂവിളിയായ്‌ ഋതുകാലമായി
പൂവനികകള്‍ തുയിലുണര്‍ന്നു
മാണ്‍പെഴും സ്വര്‍ഗ്ഗമുണര്‍ന്നതു പോല്‍
മണ്ണില്‍ സുരഭില മാധവമായ്

Saturday 26 February 2011

സ്മരണ









സുഖമെഴും സുന്ദര സ്വപ്നത്തിലെപ്പൊഴോ നിന്നെ ഞാന്‍ കണ്ടിരുന്നു
കണ്ടതില്‍ പിന്നെന്നും താവക തൂമുഖം കാണുവാനുള്ളം വിങ്ങി
താമരപ്പൊയ്കതന്‍ തീരത്ത് നിന്നു ഞാന്‍ ഒരുനോക്ക് കണ്ടു പിന്നെ
ആമ്പലിറുക്കുന്ന നേരത്ത് നിന്മുഖം കണ്ടെന്‍റെയുള്ളം തിങ്ങി

ഒരു വേള നിന്നിളം പാദത്തിലെമ്പുല്ലിന്‍ ചെറുമുള്ളൊന്നുടക്കി
ആയിരം ശൂകങ്ങള്‍ കൊണ്ടൊരു ശയ്യയില്‍ തേങ്ങി ഞാനുമൊപ്പം
ചെറുമുള്ള് നുള്ളവേ നീയറിയാതെന്‍റെ കണ്മുള്ളുടക്കി നിന്നില്‍
അതിന്‍കുളിരേറ്റിട്ടോ നിന്മിഴിമുനകളെന്‍ കണ്ണില്‍ തറപ്പിച്ചു നീ

ആറ്റിന്‍കരയിലും ആലിന്‍റെ ചോട്ടിലും പലനാളും വന്നു മുന്നില്‍
പലകുറി കണ്ടപരിചയ ഭാവത്തിന്‍ കണം പോലും കണ്ടതീല്ല
പിന്നെയും പിന്നെയും മാമകഹൃദയത്തിലാരോ കരഞ്ഞു ചൊല്ലി
എന്തു പിഴവുകള്‍ കാട്ടി ഞാനീവിധം എന്‍പ്രേമം തിരസ്കരിക്കാന്‍

ഉത്സവ സന്ധ്യയ്ക്ക് കൊടിമരച്ചോട്ടില്‍ നിന്നുനീ പതിയെ ചൊല്ലി
ജന്മജന്മാന്തര ഹൃദയബന്ധങ്ങളെ ഹൃദയത്തില്‍ സൂക്ഷിപ്പൂ ഞാന്‍
അന്നാദ്യമായെന്‍റെ തൊടിയിലെ രാഗന്ധി പൂചൂടി നിന്നു രാവില്‍
ആപുഷ്പമിന്നുമെന്‍ മണിച്ചെപ്പില്‍ സൂക്ഷിപ്പൂ സഖീ നിന്‍സ്മരണയ്ക്കായി

Saturday 15 January 2011

വിലാപം


കരയില്ല ഞാനിനി ഈ ജന്മമത്രയും
പാടുന്നു ഞാനിതാ എന്‍ ദുഃഖമത്രയും
കരയാതെ കരയുന്നെന്‍ മനമോരോ രാത്രിയും
പറയാതെ പറയുന്നെന്‍ കഥയോരോ മാത്രയും

ജന്മം തന്നെന്തിനോ എനിയ്ക്കമ്മ പണ്ട്
അതിന്‍ പാപം പകുതിയും അച്ഛനുണ്ട്
പട്ടിണി മാത്രമവര്‍ക്കെന്നും കൂട്ടിന്
പൊട്ടിക്കരഞ്ഞു ഞാന്‍ കൂരതന്‍ കുളിരില്‍

കുടിലില്‍ രാപ്പകലുറങ്ങാന്‍ കൂട്ടായി
കുടല്‍ എരിഞ്ഞസ്ഥിപഞ്ജരമാം നായ
ജ്ഞാനേന്ദ്രിയങ്ങള്‍ കേവലം നാലുള്ള
പാല്‍പ്പാടപോല്‍ മിഴിയുള്ളോരഗ്രജനും

ചിന്തയുറയ്ക്കാത്ത ബാല്യത്തിന്‍ മദ്ധ്യത്തില്‍
ചിന്ത്യമായ് താതന്‍റെ ജാതകം മദ്യത്തില്‍
അമ്മയ്ക്കും ഏട്ടനും ആലംബം ഞാനായി
ഉമ്മ വച്ചോര്‍മ്മയില്‍ ബാല്യം വിടയേകി

വാസ്തവം ചൊല്ലിയാല്‍ ശൈശവം ദുര്‍ഘടം
ബാല്യത്തിന്‍ സീമയില്‍ അഴലിന്‍ നിറകുടം
അലറുന്ന തിരയില്‍ മഹാ വാതത്തില്‍
ഉലയും തോണിയായ് ബാല്യം നികാശത്ത്

കരയില്ല ഞാനിനി ഈ ജന്മമത്രയും
പാടുന്നു ഞാനിതാ എന്‍ ദുഃഖമത്രയും
കരയാതെ കരയുന്നെന്‍ മനമോരോ രാത്രിയും
പറയാതെ പറയുന്നെന്‍ കഥയോരോ മാത്രയും

അറിയാ നേരത്ത് കാലിലുടക്കിയോ-
രണമുട്ടിനില്‍ക്കും ചേരപോല്‍ യൗവനം
വങ്കണമദ്ധ്യേ അലറുന്ന ദീപ്തം പോല്‍
അങ്കം പൊരുതുന്നതിജീവനത്തിനായ്

ചന്തമില്ലാത്തവനന്തിക്കു പുല്‍കുവാന്‍
അന്തരാത്മാവിന്‍റെ ഉന്തല് മാത്രമായ്
അഷ്ടിക്കു വകയില്ലേല്‍ ഭട്ടനായാലും
കഷ്ടതക്കന്ത്യമില്ലാ തെരുവോരത്ത്

കരയിലാകിലും കയത്തിലാണെന്നും
കരയാകെ വായ്ക്കുന്നു കടമെന്നെന്നും
തമസില്‍ കുളിച്ചീറന്‍ മാറാതെയമ്മ
തപിക്കുന്നതേതന്ധനാം ഈശനെയോ?

ഏതു ജന്മത്തിന്‍റെ പാപക്കറയിത് ?
ഏഴു ജന്മങ്ങളില്‍ ഏതു ജന്മം ഇത് ?
ജീവിതചക്രം കിതയ്ക്കുന്ന ധ്വനിയില്‍
ഈവിധം സന്തതം പുലമ്പുന്നുവമ്മ

പൂര്‍ണ്ണേന്ദു പോലെ അഴകുള്ളോരംഗന
കൂന്തലഴിച്ച് ഉലാത്തുമെന്‍ നിദ്രയില്‍
തുയില്‍ ഉണരാതങ്ങടങ്ങി കിടക്കും
മയക്കത്തില്‍ എങ്കിലും തിരുവേളിക്കായ്

ഉള്ളിലോ വിശപ്പിന്‍ മൂലാഗ്നി നാളങ്ങള്‍
കണ്ണുകള്‍ വിഷാദത്തിന്‍  സത്ത് പാത്രങ്ങള്‍
എന്നും കിനാവിലൊളിച്ചീടും  സുഖങ്ങള്‍
ഇന്നും സ്വന്തമല്ലെനിക്കെന്‍റെ സ്വപ്നങ്ങള്‍

സുഖമുള്ള കാറ്റൊന്നെന്‍ വഴി വീശുവാന്‍
തുറന്നിടും ഞാനെന്നും എന്മന വാതില്‍
പടവു കടന്നു വരുന്നതോ നിത്യം
അംഗാര നാവുള്ള ലോകത്തിന്‍ ശീല്ക്കാരം

ഓണം വിഷുവും മകരസംക്രാന്തിയും
വന്നു പോമീ തൊടിയില്‍ ഞാനറിയാതെ
പൂവിളി ഉയരുന്ന നേരത്ത് നെഞ്ചില്‍
വിരിയുന്നു നീറുന്ന അരളിച്ചെന്താരും

സന്ധ്യതന്‍ സിന്ധൂരഭൂഷിതം ജീവനം
സന്തമസം ചാലിച്ചലിഞ്ഞ ചമയം
എന്നാകിലുമെന്നും ഇന്ദീവരം പൂക്കും
സന്തതമെന്‍ പ്രപഥ ശരണികളില്‍