Sunday 5 February 2012

പൂതനാമോക്ഷം

യാദവകുലത്തിലെ വസുദേവസുതനായി
മാതുല നിഗ്രഹത്തിനവതരിച്ചു
യാതനയാലെന്നും തപിച്ച യാദവന്മാര്‍ക്ക്
തുണയാവാന്‍ ശ്രീകൃഷ്ണനവതരിച്ചു


ഉഗ്രസേനസ്വജന്‍ കംസന്‍ ഉഗ്രജംഗുലകാരകന്‍
അഹന്തയനതികളാല്‍ നന്‍മ മറന്നു
കാലവശം സുനിശ്ചിതം ഭാഗിനേയന്‍ തന്നുടെ കയ്യാല്‍
അശരീരി കേട്ടവന് മരണഭയം


ഹനനനാരാണെന്നത് അറിവില്ലാതമതിയാലെ
മടികൂടാതുടന്‍ ചെയ്തു ദൃഢശപഥം
എട്ടും പൊട്ടും തിരിയാത്ത പിഞ്ചോമന മരുമക്കളെ 
സഹജ പിറയേകുമ്പോള്‍ മഥിച്ചീടുവാന്‍


കംസഭരടന്‍മാരുടെ കണ്‍കര്‍ണ്ണങ്ങള്‍ അറിഞ്ഞീടാതെ
ജന്‍മം കൊണ്ടു ബലരാമന്‍ പിന്നെ കണ്ണനും
വസുദേവദേവകിമാര്‍ കെട്ടറയില്‍ ജന്‍മം നല്‍കി
അഷ്ടമ സന്താനമായവന്‍ പിറന്നു


കംസാതിഘാനിലത്താലെ വസുദേവനമന്ദം തന്‍റെ
ഉണ്ണികളെയേടം നീക്കി രക്ഷിതരാക്കി
അഗ്രാത്മജന്‍ ബലദേവന്‍ രോഹിണിക്കു തതനായവന്‍
യാശോദയ്ക്കും നന്ദനും നന്ദനന്‍ കണ്ണന്‍


വൃന്ദാവന ഗോപാലകന്‍ നന്ദനതിമോദത്തോടും
യശോദ നീര്‍മിഴിയോടും കണ്ണനെ പുല്‍കി
ഗോപാലകര്‍ നുതി പാടി ഗോപികമാരുടെ തോഴനായ്‌
അമ്പാടിതന്‍ കണ്ണനായി ഭവാന്‍ ഭവിച്ചു


യാദവകുലത്തിലെ വസുദേവസുതനായി
മാതുല നിഗ്രഹത്തിനവതരിച്ചു
യാതനയാലെന്നും തപിച്ച യാദവന്മാര്‍ക്ക്
തുണയാവാന്‍ കൃഷ്ണനന്നവതരിച്ചു


കയ്യില്‍ പൊന്‍വള ശോഭിച്ചും കാലില്‍ പൊന്‍തള രാജിച്ചും
മൗലിയില്‍ നീല പീലിയുമായ് കളിയാടി
കാര്‍ക്കൂന്തല്‍ ചുരുളുകളും നെറ്റിയില്‍ ഗോപീ ചന്ദനവും
മഞ്ഞപ്പട്ടിന്‍ ചേലയുമായ് കോടക്കാര്‍വര്‍ണ്ണന്‍


അഞ്ജനത്തിനഴകെഴും കരിനീലക്കണ്‍പ്പീലികളും
വശ്യലാസ്യഭാവമൂറും നയനങ്ങളും
അമ്പിളിവളയം പോലെ സുകുമാരപുരുവങ്ങളും
അഭിലഷണീയമല്ലോ അംഗലാവണ്യം


മംഗല്യത്തിന്നുത്തംസം വാരിളമാപാലികള്‍ തന്നില്‍
എഴഴകിന്‍ കന്ദളമോടെ നില്‍പ്പൂ കണ്ണന്‍
ചന്തം ചിന്തും നാസികയും വശ്യതയോലും അംബരവും
വനസുമഹാരഭൂഷിതന്‍ ഉണ്ണിക്കണ്ണന്‍


മടിക്കെട്ടില്‍ത്തിരുകിയ പൊന്‍മയപുല്ലാങ്കുഴലും
ആരമ്യമാറിടം തന്നിലെ പുണ്യനൂലും
തപ്തകാഞ്ചനംപോലതി ശോഭചിന്നുമൊരരക്കെട്ടും
മദനമനോഹരമാ ആനായരൂപം


ഹരിണാസ്യചരണം കേയൂരാലംകൃതബാഹവും
അരമണി കിലുങ്ങുന്ന കൃശമദ്ധ്യവും
സൂര്യസമതേജസ്സോലും തേജോമണ്ഡലം ശിരസ്സിലും
കോമളാംഗരൂപന്‍ കണ്ണന്‍ കാര്‍മുകില്‍വര്‍ണ്ണന്‍


യാദവകുലത്തിലെ വസുദേവസുതനായി
മാതുല നിഗ്രഹത്തിനവതരിച്ചു
യാതനയാലെന്നും തപിച്ച യാദവന്മാര്‍ക്ക്
തുണയാവാന്‍ കൃഷ്ണനന്നവതരിച്ചു


കളിയും ചിരിയുമോടെ വിലസുന്ന നാളുകളൊന്നില്‍
അമ്പാടിയിലാഗതയായൊരു കാമ്യാംഗി
കണ്ണനോമല്‍ പൈതലെന്നും തന്‍റെ നാമം പൂതനയെന്നും
ചൊല്ലിയന്നനടയാളായവളുള്‍പ്പൂകി


കണ്ണേ പൊന്നേന്നോമനിച്ചും പാലും പഴവും നിവേദിച്ചും
ഗോപികമാരൊത്തവളും തന്നാരം മൂളി
തഞ്ചം നോക്കി തക്കം പാര്‍ത്ത് ഗോപസ്ത്രീകള്‍ മാറിയ നേരം 
ചൊടിയില്‍ തങ്ങി നിഷ്ഠുരമാസുരഹാസം


ഓമല്‍ക്കുഞ്ഞിനെ പാലൂട്ടാന്‍ മാറിടം ചേര്‍ത്തവള്‍ കൊഞ്ചിച്ചു
ആലഭരിതമുലപ്പാല്‍ ഊട്ടി കൃഷ്ണനെ
എള്ളോളം മമതയാലെ അരക്ഷണം പൂതന തേങ്ങി
കംസാജ്ഞാവാഹിയാകിലും ലാളിച്ചവനെ


കണ്ണന്‍ പാല് നുകര്‍ന്നപ്പോള്‍ രോമാഞ്ചത്താല്‍ പുളകിതയായ്
മീലിതാക്ഷിയായവനെ പരിരംഭിച്ചു
തപ്തദ്രുതം നിശ്വാസങ്ങള്‍ അര്‍ദ്ധനിമീലിതം അധരങ്ങള്‍
ചോരക്കുഞ്ഞാം മുകില്‍വര്‍ണ്ണന്‍ പുഞ്ചിരി തൂകി


സര്‍വ്വഹഹലനാശകന്‍ പാല്‍ നുകര്‍ന്നു അതിശക്തം
സ്വേദിച്ചുഴന്നു പൂതന പഞ്ചതയാണ്ടൂ
വലിച്ചെടുത്തു പൂര്‍ണമായ് പൂതനതന്നുള്ളിലെയാലം
അങ്ങനെയേകി കാര്‍വര്‍ണ്ണന്‍ അവള്‍ക്കു മോക്ഷം


യാദവകുലത്തിലെ വസുദേവസുതനായി
മാതുല നിഗ്രഹത്തിനവതരിച്ചു
യാതനയാലെന്നും തപിച്ച യാദവന്മാര്‍ക്ക്
തുണയാവാന്‍ കൃഷ്ണനന്നവതരിച്ചു

No comments:

Post a Comment