Friday 24 February 2012

അന്നം

ഉറങ്ങിക്കിടക്കുന്നെന്നനുജന്റെ മൂര്‍ദ്ധാവില്‍
വിരലോടിച്ചുരയുന്നുവെന്റെയമ്മ


"ഉറങ്ങുറങ്ങുണ്ണീനീ മതിവരെയുറങ്ങ്,
പശിയെന്തെന്നറിയ്യില്ലയത്രനേരം!"


അറിഞ്ഞുഞാനൊത്തിരിക്കാര്യങ്ങളിന്നോളമ-
തിലറിയാത്തതൊന്നാണെന്നാത്മതാപം


എന്തിനായെത്തുന്നുവെപ്പോഴും പൈ, ഞങ്ങളെയു-
ണര്‍ത്തുവാനാ,വികൃതഹാസമോടെന്നും?


പത്തുമാസം ചുമന്നെന്നെയും പിന്നെന്റെയനു-
ജനേമിതുവരേയു,മ്പുലര്‍ത്തിയമ്മ


പത്തുവര്‍ഷങ്ങള്‍പ്പത്തായിരമാണ്ടുപോലദ-
യമാര്‍ദ്രതയുറത്തുന്നുവക്ഷികളില്‍


കള്ളനും കള്ളസന്യാസിമാരും കപടയാ-
ത്മാക്കളും നിറയുമീയുലകമദ്ധ്യേ,


ഒരുനേരമെങ്കിലു,മ്മാന്യമായന്ധസ്സിന്നൊ-
രുപിടിഭക്ഷിപ്പാന്മാത്രമാണാഗ്രഹം


അല്പമാത്രം ജീവനേകുമാ,ശ്വാസത്തിനന്തം
ഭവിക്കുന്നനേരംവരേയു,മെന്നമ്മേ


നിനക്കുമെന്റനുജനുമായ്മാത്രം ശ്വസിക്കു-
മാ ശ്വാസം ഞാനന്നം തേടുമ്പോളത്രയും.

No comments:

Post a Comment